ചാരിറ്റിക്ക് മുന്‍തൂക്കം: ഫൊക്കാന പുതിയ ദിശയിലേക്ക്‌

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയും ന്യൂയോര്‍ക്കിലും പരിസരത്തുമുള്ള അംഗസംഘടനകളുടെ യോഗവും ന്യൂയോര്‍ക്കില്‍ നടത്തി. കമ്മിറ്റിയില്‍ പുതുതായി പല തീരുമാനങ്ങളും എടുക്കുകയുണ്ടായി.

ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും,  പാവപ്പെട്ടവരേയും  സാധാരണക്കാരേയും സഹായിക്കുവാനും തീരുമാനമായി. കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇരുപത് ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്താന്‍ കഴിഞ്ഞതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു. ഓരോ വര്‍ഷവും സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ് ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നോര്‍ത്ത് അമേരിക്കയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മിക്ക അസോസിയേഷനുകളും ഇന്ന് ഫൊക്കാനയോടൊപ്പമാണ്. അതിനുകാരണം വിഭിന്ന ജാതിമത വിശ്വാസികളായ പ്രവാസികളെ ഒന്നിച്ചു കൊണ്ടു പോകാന്‍ ഫൊക്കാനക്കാകുന്നു എന്നതാണു. മത സംഘടനകളുടെ കടന്നുകയറ്റത്തില്‍ പല സംഘടനകള്‍ക്കും മുന്നോട്ടു പോകാനാനാവുന്നില്ല.

കേരളത്തില്‍ നടത്തിയ കണ്‍വന്‍ഷന്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. വിവിധ സെഷനുകളുടെ മികവുകൊണ്ടും പങ്കെടുത്ത വ്യക്തികളുടെ പ്രാധാന്യം കൊണ്ടും കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി. എത്ര വലിയ മലയാളി സംഘടനയായാലും സ്വന്തം നാട് അത് അംഗീകരിക്കുമ്പോഴാണ് സംഘടനയെന്ന നിലയില്‍ ആര്‍ജ്ജവമുണ്ടാകുക. കേരളാ കണ്‍വന്‍ഷന്‍, ഫൊക്കാനയുടെ പ്രവര്‍ത്തനത്തെ വളരെയധികം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു എന്നു യോഗം വിലയിരുത്തി.

സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവര്‍ ഒത്തുചേര്‍ന്നാണ് സംഘടന രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ, മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുവാനും യോഗം തീരുമാനിച്ചു.

കിക്കോഫിനു മുമ്പായിതന്നെ ധാരാളം ആളുകള്‍ അടുത്ത കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായത് എല്ലാവരേയും അത്ഭുതപ്പെടുത്തി. കനേഡിയന്‍ ഡോളറിന്റെ മുകളില്‍ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം മൂലം ഡോളറിനുണ്ടായ വിലക്കൂടുതല്‍ അംഗങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു.  ആയിരം ഡോളറിന്റെ രജിസ്‌ട്രേഷനു ഫുള്‍ പേയ്‌മെന്റ് കൊടുക്കുകയാണെങ്കില്‍ 850 ഡോളര്‍ മാത്രം മതി. അതുപോലെ ഫാമിലി രജിസ്‌ട്രേഷന് 1200 ഡോളറിനു പകരം 1000 ഡോളര്‍ നല്‍കിയാല്‍ മതി. ഇത് രജിസ്‌ട്രേഷന്‍ വര്‍ധിക്കുന്നതിന് കാരണമായി.

പ്രസിഡന്റ് ജോണ്‍ പി. ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വിനോദ് കെയാര്‍കെ. എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജോയി ഇട്ടന്‍ കേരളാ കണ്‍വന്‍ഷന്റെ വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, മുന്‍ പ്രസിഡന്റുമാരായ ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള, കമ്മിറ്റി അംഗങ്ങളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, മാധവന്‍ നായര്‍, ലൈസി അലക്‌സ്, ശബരിനാഥ്, സുനില്‍ നായര്‍, എം.കെ. മാത്യു, ഏബ്രഹാം വര്‍ഗീസ്, ടെറന്‍സണ്‍ തോമസ്, വിപിന്‍ റായ്, സുധാ കര്‍ത്താ, ഫൊക്കാനാ നേതാക്കന്മാരായ രാജന്‍ പടവത്തില്‍, ജോണ്‍ ഐസക്ക്, ഗണേഷ് നായര്‍, ലീല മാരേട്ട്, അലക്‌സ് തോമസ്, ഷാജി പ്രഭാകര്‍, തോമസ് കൂവള്ളൂര്‍, സഞ്ജീവ് കുമാര്‍, ബോസ് കുരുവിള, രാജു സക്കറിയ, ജോര്‍ജ് ഇട്ടന്‍ പാടിയേടത്ത്, അജിത് പ്രഭാകര്‍, ജോര്‍ജുകുട്ടി ഉമ്മന്‍, ബിനോയി ചെറിയാന്‍, ബോസ് കുഴിക്കാട്ട് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *