പ്രളയബാധിതർക്ക് വീട് :ഫൊക്കാന സർക്കാരിനൊപ്പം ചേരും

പ്രളയബാധിതരിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമ്മിക്കാൻ ഫൊക്കാന സഹായിക്കുമെന്ന് പ്രസിഡന്റ് മാധവൻ ബി.നായർ പറഞ്ഞു. കേരളകൗമുദി ഓൺലൈനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.വണ്ടിപ്പെരിയാർ പ്രോജക്ട് എന്ന് നാമകരണം ചെയ്ത പദ്ധതിയിൽ 700 വീടുകൾ നിർമ്മിക്കും.ഇ.എസ്.ബിജിമോൾ എം.എൽ.എയുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി.സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ചാണ് വീട് നിർമ്മാണത്തിൽ പങ്കാളിയാകുന്നത്.ആദ്യ ഘട്ടത്തിൽ 100 വീടുകളുടെ നിർമ്മാണമാണ് ആരംഭിക്കുന്നത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ചർച്ചകൾ പുരോഗമിക്കുന്നു.ആറര ലക്ഷത്തിന്റേയും നാലര ലക്ഷത്തിന്റേയും വീടുകളാണ് ലൈഫ് മിഷൻ വിഭാവന ചെയ്തിട്ടുള്ളത്.ഓരോ വീടിനും രണ്ട് ലക്ഷം രൂപ വീതം ഫൊക്കാന നൽകും.ഒരു കോടി രൂപ ആദ്യ നടപടിയെന്ന നിലയിൽ ഫൊക്കാന ഉടൻ നൽകും.നവകേരള നിർമ്മിതിയ്ക്കായി ഇതിനോടകം നല്ലൊരു തുക നൽകിക്കഴിഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ വച്ച് നടത്തിയ അഭ്യർത്ഥന ഫൊക്കാന വളരെ ഗൗരവമായിട്ടാണ് കാണുന്നത്.ഓരോ അംഗങ്ങളും ഇതിൽ പങ്കാളികളാകുമെന്ന് മാധവൻ.ബി.നായർ അറിയിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കർ, ക്രിസ് ഗോപാലകൃഷ്ണൻ, ഗീതാ ഗോപിനാഥ് എന്നിവരുമായി മാധവൻ ബി.നായർ ഇതിനോടകം ചർച്ചകൾ നടത്തി.ഫൊക്കാനയുടെ കീഴിലുള്ള 50 റീജിയണൽ സോസിയേഷനുകളിലായി മൂന്നര ലക്ഷം അംഗങ്ങളാണുള്ളത്.

കേരള കൺവൻഷൻ ജനുവരി 29,30 തീയതികളിൽ

ഫൊക്കാനയുടെ ഈ വർഷത്തെ കേരള കൺവൻഷൻ 2019 ജനുവരി 29, 30 തീയതികളിൽ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും. 300 ഓളം വിദേശ മലയാളികൾ കൺവൻഷനിൽ പങ്കെടുക്കും.കേരളത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രോജക്ടുകൾ കൺവൻഷനിൽ ചർച്ച ചെയ്യും. മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനായി കേരള സർവകലാശാലയുടെ സഹകരണത്തോടെ ഫൊക്കാന തുടർന്നു വരുന്ന ‘ഭാഷയ്‌ക്കൊരു ഡോളർ’ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയ്‌ക്കൊരു വീട്

ഫൊക്കാന അംഗങ്ങൾ അവരവരുടെ ജില്ലകളിലെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ‘ജില്ലയ്‌ക്കൊരു വീട്’ .തങ്ങളുടെ നാട്ടിലെ പാവപ്പെട്ട ഒരാൾക്ക് വീടുവച്ചു നൽകും. ഗുണഭോക്താവിനെ അംഗങ്ങളുടെ താത്പ്പര്യാനുസരണം തിരഞ്ഞെടുക്കും.

നവകേരള സൃഷ്ടിയിൽ സജീവ പങ്കാളിത്തം വഹിക്കാനാണ് ഫൊക്കാന ലക്ഷ്യമിടുന്നത്.വിദേശികളായ വ്യവസായികളെ കേരളത്തിലേക്ക് ആകർഷിക്കാൻ അവർക്കും സർക്കാരിനും സഹായകരമാകുന്ന പ്ലാറ്‌ഫോമായി ഫൊക്കാന പ്രവർത്തിക്കും.

അമേരിക്കയിൽ ജന്മനാടിന്റെ മൂല്യങ്ങളും സംസ്‌കാരങ്ങളും സംരക്ഷിക്കാനും നവീനചിന്തകളെ പ്രോത്സാഹിപ്പിക്കാനുമുള്ള ഏകോപനം ഫൊക്കാന നടത്തിവരുന്നുണ്ട്. വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങളും ഫൊക്കാന റീജിയണൽ അസോസിയേഷനുകളുമായി ചേർന്ന് ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കണക്കിലെടുത്ത് വിവിധയിനം ബോധവത്ക്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

ദീർഘകാലമായി അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ കൺസൾട്ടന്റായ മാധവൻ ബി.നായർ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *