ഫൊക്കാനയുടെ ഓണാശംസകൾ

ന്യൂയോർക്ക്: ലോക മലയാളി സമൂഹത്തിന് അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ ബി.നായർ ഓണാംശസകൾ നേർന്നു.
‘ മലയാളികളുടെ സമത്വ സങ്കല്പങ്ങളുടെയും കൂട്ടായ്മയുടെയും മറ്റൊരു ഓണം കൂടി വന്നെത്തിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ സാന്നിധ്യം സാമൂഹിക അകലപാലനം നിർബന്ധിക്കുമ്പോൾ ഇത്തവണ ആഘോഷങ്ങൾക്കും ഒത്തുകൂടലിനും ഭംഗം വന്നിരിക്കയാണ്. – മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ . ആമോദത്തോടെ വസിക്കും കാലം ആപത്തൊന്നാർക്കും ഒട്ടില്ല താനും – എന്ന മഹദ് സന്ദേശം ഉദ്ഘോഷിക്കുന്ന മലയാളികളുടെ ഓണം പോലുള്ള ഒരു സുന്ദര സങ്കല്പത്തെ ലോകത്തെ മറ്റൊരു ജന സമൂഹവും വർഷാവർഷം ഇത്രയും വർണാഭമായി കൊണ്ടാടുന്നില്ല. ഓണം മലയാളികൾക്ക് പങ്കിടലിന്റെയും ഒത്തുചേരലിന്റെയും മാനസിക-ശാരീരിക ശുദ്ധീകരണത്തിന്റെയും അതുപോലെ പ്രകൃതി ജീവനത്തിന്റെയും ഭാവി പ്രതീക്ഷകളുടെയും പൂവിടൽ വേള കൂടിയാണ്. ഇന്നലെകളുടെ അനഭിലഷണീയതകളെ എല്ലാം മറന്നും പൊറുത്തും പൊരുത്തപ്പെട്ടും സഹകരിച്ചും വ്യക്തി ബന്ധങ്ങൾ ഊഷ്മളമാക്കുന്ന സന്ദർഭം കൂടിയാണ് ഓണക്കാലം . കോവി ഡ് – 19 ഇപ്രാവശ്യം ഓണാഘോഷങ്ങളുടെ ശോഭ കെടുത്തുന്നുണ്ടെങ്കിലും മനസിലെ ഓണത്തിന് എന്നും നിറപകിട്ടായിരിക്കും. രോഗപ്രതിരോധത്തിന്റെ ഭാഗമായി അകലപാലന ചട്ടങ്ങൾ നിലവിലുണ്ടെങ്കിലും ആധുനിക സാങ്കേതികത സാധ്യമാക്കുന്ന ഓൺലൈൻ കൂട്ടായ്മകളിലൂടെ ഈ ഓണവും നമുക്ക് സൗഹൃദത്തിന്റെയും ക്ഷേമാന്വേഷണങ്ങളുടെയും വേളയാക്കാം. എല്ലാ മലയാളികൾക്കും ഫൊക്കാന കുടുംബാംഗങ്ങൾക്കും അഭ്യുദയ കാംക്ഷികൾക്കും സുഹുത്തുക്കൾക്കും ക്ഷേമാ ഐശ്വര്യങ്ങൾ നിറഞ്ഞ ഓണം ആശംസിക്കുന്നു.’

Leave a Reply

Your email address will not be published. Required fields are marked *