ഫൊക്കാനയുടെ തൂവലുകള്, കരുതലുകളുടെ കരങ്ങള്…! – എഫ്.എം.ലാസര്

മനുഷ്യന്റെ അടിസ്ഥാനഗുണം നന്മയാണ്. വളര്ച്ചയുടെ പടവുകള് വായുവേഗത്തില് കയറിപ്പോകുമ്പോഴും സഹജീവികളോടു കാട്ടേണ്ട നന്മ മനസ്സില് കരുതുന്ന മനുഷ്യരെ കാണുമ്പോള് മനുഷ്യ കുലത്തിനകം ഒരു പുത്തനുണര്വ്വ് ഉണ്ടാവുകയാണ്. വൈവിധ്യവും വൈരുദ്ധ്യവും സംയോജിപ്പിച്ച് ജീവിതപാതകള് വെട്ടിത്തെളിക്കുവാന് അഹോരാത്രം പണിപ്പെടുന്നവന് മനുഷ്യസേവയുടെ ഉദാത്തമായ മാതൃകകള് തീര്ക്കുമ്പോള് അത് എന്നും ഏവര്ക്കും മാതൃകകളായി മാറുന്നു. എന്നെപ്പോലുള്ളവരുടെ ജീവിതത്തില് അപൂര്വ്വമായി മാത്രം കാണാന് കഴിയുന്ന ഒരു വേറിട്ട ദൃശ്യമാണ് ഫൊക്കാനയുടെ കോട്ടയുടെ നടന്ന കേരള കണ്വെന്ഷനില് കണ്ടത്.

2015 ജനുവരി 24-ന് ആര്ക്കാഡിയ ഹോട്ടലിന്റെ ലിഫ്റ്റില് കയറി സെമിനാര് ഹാളിന്റെ വാതിലുകള് തുറന്ന് അകത്തേക്ക് കടക്കുമ്പോള് മനസ്സ് തെല്ലൊന്ന് പിടച്ചിരുന്നു. വൈകല്യ ദുരിതവും പേറിയുള്ള എന്റെ പൊതുപ്രവര്ത്തനം 1982 -ല് തുടങ്ങിയതാണ്. ഇന്ത്യയുടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും വിദേശരാജ്യ സഞ്ചാരവും നേതാക്കളുമായുള്ള ബന്ധവും തീരെ ഇല്ലായെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ അമേരിക്കക്കാരും കാനഡക്കാരുമായ കേരളീയരുടെ, ഭാരതീയരുടെ സമ്മേളനത്തില് ഞാന് എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത എന്നെ അലട്ടിയിരുന്നു. ലോകത്തിന്റെ അതിരുകളോളം വളര്ന്നിട്ടുണ്ട് എന്ന് ഒരു ദിവസം അവരോടൊന്നിച്ചുള്ള ജീവിതം എന്നെ പഠിപ്പിച്ചു. സങ്കുചിത വേലിക്കെട്ടുകള് വലിച്ചു പൊളിച്ച് വീണ്ടും വീണ്ടും വലുതാകാന് ശ്രമിക്കുന്ന വലിയ മനുഷ്യരാണ് അവന് എന്നു ഞാന് മനസ്സിലാക്കി.

ഫൊക്കാനാ അമേരിക്കയിലെ മലയാളികളുടെ ഒരു പൊതുവേദിയാണ്. 1983-ല് ഫൊക്കാന രൂപം കൊണ്ടു എന്നു മനസ്സിലാക്കിയപ്പോള് ഞാനറിയാതെ തന്നെ ദര്ശനാധിഷ്ഠിതമായ ആദ്യകാല നേതാക്കന്മാരെ ഓര്ത്തുപോയി. സ്വന്തം ജനങ്ങളെ അമേരിക്കയുടെ തൊഴിലിലും രാഷ്ട്രീയത്തിലും സാംസ്കാരിക ജീവിതത്തിലും വേരുറപ്പിക്കുന്നതിനുവേണ്ടിയുള്ള അവരുടെ ദീര്ഘവീക്ഷണത്തിനു മുമ്പില് നമോവാകം. മാതൃഭാഷയ്ക്കുവേണ്ടി ഒരു രൂപ പോലും മുടക്കാത്ത നമ്മള്, കേരളീയര്, അമേരിക്കന് സഹോദരങ്ങളുടെ ഭാഷയ്ക്ക് ഒരു ഡോളര് പദ്ധതി കേള്ക്കുമ്പോള് ലജ്ജിച്ചു തല താഴ്ത്തേണ്ടി വരും. പിറന്ന മണ്ണും മണവും മറക്കാതെയുള്ള നല്ല മനുഷ്യരുടെ മഹായാനം.

കേരളമന്ത്രി ശ്രീ. തിരുവഞ്ചിയൂര് രാധാകൃഷ്ണന് ആഹ്ലാദവും നന്ദി പ്രകടനവും മറച്ചു വയ്ക്കാതെ ഉദ്ഘാടന കര്മ്മം നിര്വ്വഹിച്ചു. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.ജോണ് പി.ജോണ് ഒരു ഒന്ന് ഒന്നര വ്യക്തിത്വത്തിന്റെ ഉടമയായി കാണപ്പെട്ടു. അടുത്ത വര്ഷം ഏവരെയും അദ്ദേഹം കാനഡയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. ശൂരഭാവ പ്രകടനക്കാരനായ ശ്രീ.വിനോദ് കെയാര്ക്കെ നര്മ്മഭാഷണത്തിന്റെ ഉടമയും മികച്ച സംഘാടകനും വിപുലമായ വ്യക്തിബന്ധങ്ങളുടെ ഉടമയുമാണെന്ന് അന്ന് ബോധ്യപ്പെട്ടു. ലോകാരാധ്യനായ ശ്രീ. അടൂര്ഗോപാലകൃഷ്ണന് പുരസ്കാര സ്വീകരണത്തിനും സമാപനസമ്മേളനം ഉദ്ഘാടം ചെയ്യുന്നതിനും എത്തിയത് ഫൊക്കാനായുടെ വലുപ്പത്തിന് മാറ്റു കൂട്ടി.
മെഡിക്കല് സെമിനാര്, കവിസമ്മേളനം, സാഹിത്യസമ്മേളനം, ബിസിനസ് സെമിനാര്, ബോധവത്കരണ സെമിനാര്, പുരസ്കാര വിതരണം, ധനസഹായവിതരണം, കലാപരിപാടികള് എന്നിവയുണ്ടായിരുന്ന കണ്വെന്ഷന് ക്രമീകരണങ്ങളിലും, സൗകര്യങ്ങളിലും പങ്കാളികള്ക്ക് ഒരു കുറവും പറയാനില്ലാത്തവയായിരുന്നു. പൗരുഷമുള്ള സ്ത്രീത്വം എന്ന് ശ്രീ. കെ.എം.മാണി വിശേഷിപ്പിച്ചിട്ടുള്ള ശ്രീമതി മിറയാമ്മ പിള്ളയുടെ സാന്നിധ്യം ഏവര്ക്കും സന്തോഷം പ്രദാനം ചെയ്യുന്നവയായിരുന്നു. ഫൊക്കാനായുടെ പ്രസിഡന്റായുള്ള അദ്ദേഹത്തിന്റെ കാള് എല്ലാവരും മധുരിമയോടെ ഓര്ക്കുന്നുവെന്നു മനസ്സിലായി.

കെയര് ഇന്ത്യ ഫൗണ്ടേഷന്റെ ഡിസബിലിറ്റി വിഷന് നടത്തുന്ന വികലാംഗര്ക്കും, വൃദ്ധര്ക്കും, വിധവകള്ക്കും വേണ്ടിയുള്ള പ്രവര്ത്തനങ്ങളുടെ ഭാഗമാണ് വികലാംഗനായ ഞാനും. ഫൊക്കാന വികലാംഗര്ക്കുവേണ്ടിയുള്ള പ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കുന്നുവെന്നും കൃത്രിമ കാല് വെച്ച് നല്കുമെന്നും അറിഞ്ഞപ്പോള് ഏറെ സന്തോഷം തോന്നി. കൃത്രിമ കാല്, വീല് ചെയര്, ക്രച്ചസ് , വാക്കിംഗ് സ്റ്റിക്സ് , ഭക്ഷണം എന്നിവ ആവശ്യമുള്ള ധാരാളം പേര് ഇന്ന് നമ്മുടെ ലിസ്റ്റിലുണ്ട്. ഫൊക്കാനയുടെ ഈ കരുതല് എനിക്കും നേരിട്ട് അനുഭവിക്കാനായി. എത്രയോ വളര്ന്നു വലുതായ ഇവര് എനിക്ക് നടക്കാന് നേരം വടിയെടത്തു തരുവാനും, ഇരിക്കാന് ചെയര് എടുത്തിട്ടു തരുവാനും, ഭക്ഷണനേരം പ്ലേറ്റ് എടുത്ത് നല്കുവാനും കുടിക്കാന് വെള്ളമെടുത്തു തരുവാനും മുതിര്ന്നപ്പോള് എന്റെ കണ്ണുകള് ഈറനണിഞ്ഞു. നന്ദി പറയുവാന് വാക്കുകളില്ല. കേള്ക്കാനും അവര് നിന്നില്ല. ഈ എളിയവനു ചെയ്തു കൊടുത്തപ്പോള് എനിക്ക് (ദൈവത്തിനു) തന്നെയാണ് ചെയ്തത് എന്നതുപോലെയും, ഇടതു കൈ ചെയ്തത് വലതുകൈ അറിയരുത് എന്നതുപോലെയും എളിമയോടെ അവര് നിന്നു.

ആദ്യമായിട്ട് ഞാന് പങ്കെടുക്കുന്ന ഫൊക്കാന കണ്വെന്ഷനിലേക്ക് എന്നെ പ്രേരിപ്പിച്ച് അയച്ചത് അവിടെയെത്തുന്ന പല സുമനസ്സുകളെയും നേരത്തെ അിറയുന്ന അമേരിക്കയിലുള്ള ശ്രീ. ജോസ് പിന്റോ സ്റ്റീഫന് എന്ന പ്രസിദ്ധ ജേണലിസ്റ്റും, ഫോട്ടോഗ്രാഫറുമാണ്. ദരിദ്ര-ദുര്ബ്ബല-ദളിത്-പിന്നോക്ക ജനവിഭാഗങ്ങളോട് കരുതലുള്ള എഴുത്തുകാരന് എന്ന നിലയില് എനിക്കു നല്കിയ ഈ അവസരത്തെ ഞാന് നന്ദിയോടെ കാണുന്നു. നേരത്തേ സൂചിപ്പിച്ച വ്യക്തികളോടൊപ്പം ശ്രീ.ഫിലിപ്പോസ് ഫിലിപ്പ് , ശ്രീ.മാധവന് ബി.നായര്, ശ്രീ.ജോയി പി.ഇട്ടന്, ശ്രീമതി ലിസി അലക്സ്, ശ്രീ.ടി.എസ്.ചാക്കോ, ശ്രീ. ഗണേഷ് നായര് , ശ്രീമതി. ലീലാ മാത്യു, എന്നിവരെ കാണാനും സംസാരിക്കാനും പരിചയപ്പെടാനുമായി. ഒരു പിടി നന്മകള് മനസ്സില് സൂക്ഷിക്കുന്ന ഇവരുടെ പ്രയാണത്തില് ഒരായിരം പൂച്ചെണ്ടുകള് അര്പ്പിക്കുന്നു.

ഫൊക്കാനയുടെ തൂവല് സ്പര്ശം വീണ്ടും വീണ്ടും തുടരട്ടെ…!!!


എഫ്.എം.ലാസര്

Leave a Reply

Your email address will not be published. Required fields are marked *