ഫൊക്കാനാ ഭവനം പ്രോജക്ട് കണ്ണീരുപ്പ് പുരണ്ട ജീവിതങ്ങള്‍ക്ക് ആശ്വാസം: മന്ത്രി ടി പി രാമകൃഷ്ണന്‍

കണ്ണീരുപ്പ് പുരണ്ട ജീവിതങ്ങള്‍ക്ക് ആശ്വാസമാണ് ഫൊക്കാനയുടെ സഹായത്തോടെ കേരളാ സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പ് തോട്ടം മേഖലയ്ക്ക് നല്‍കിയ ഭവനം പ്രോജക്ട് എന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു . ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായ ഫൊക്കാനാ നൂറ് ഭവനം പദ്ധതിയുടെ ആദ്യ ഘട്ടമായ പത്തു വീടുകളുടെ താക്കോല്‍ ദാനം മൂന്നാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അഭിനന്ദനീയമാണ്. പല സമയത്തും പ്രകൃതി ക്ഷോഭത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്ക് കഴിഞ്ഞ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും ഉണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്തി അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഭവനം പ്രോജക്ട്. ഈ പദ്ധതിയുമായി ഫൊക്കാനാ പങ്കാളിയായതില്‍ സന്തോഷമുണ്ട്.

പണമുണ്ടാകുന്നതിലല്ല, അത് വേണ്ട സമയത്ത് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുകയും ദുരിതക്കയത്തില്‍ ആഴ്ന്ന് പോയവരെ സഹായിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യത്വം ഉടലെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ മുഖ്യ പ്രഭാഷണം നടത്തി.ഫൊക്കാന ആരംഭിച്ചിട്ട് മുപ്പത്തിയാറ് വര്‍ഷം പിന്നിടുമ്പോള്‍ നാളിതുവരെ കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് സഹായവും കരുതലും ആവശ്യമുള്ള ഘട്ടങ്ങളില്‍ വേണ്ടതെല്ലാം എത്തിച്ചു നല്‍കുകയും ചെയ്യുന്ന മറ്റ് സംഘടനയില്ല എന്ന് പറയാം. അവിടെയാണ് ഫൊക്കാനാ വ്യത്യസ്തമാകുന്നതെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു.

ഫൊക്കാനയുടെ ഡ്രീം പ്രോജക്ടാണ് ഭവനം പദ്ധതി. നൂറ് വീടുകള്‍ ഘട്ടം ഘട്ടമായി നിര്‍മ്മിച്ചു നല്‍കുന്നു. ആദ്യഘട്ടമായ പത്തു വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കപ്പെട്ടതില്‍ ഫൊക്കാനാ പ്രസിഡന്റ് എന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭവനം പദ്ധതി സമയ ബന്ധിതമായി നടപ്പിലാക്കുവാന്‍ സഹായിച്ചത് സന്മനസുള്ള അമേരിക്കന്‍ മലയാളി സമൂഹമാണന്നും ഫൊക്കാന അവരോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നും ഭവനം പദ്ധതി കോ-ഓര്‍ഡിനേറ്ററും ട്രഷററുമായ സജിമോന്‍ ആന്റണി അറിയിച്ചു.

ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അത് അര്‍ഹിക്കുന്ന ജനവിഭാഗങ്ങളുടെ കൈകളില്‍ എത്തുന്നു എന്നതാണെന്ന് എക്‌സി . വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഫൊക്കാനാ ഭവനം പ്രോജക്ടിലെ ഓരോ വീടും അത് അര്‍ഹിക്കുന്ന കൈകളിലേക്കാണ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ ബാബു സ്റ്റീഫന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍ സണ്ണി മറ്റമന, നാഷണല്‍ കമ്മറ്റി മെമ്പര്‍ സജി പോത്തന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ref: https://www.emalayalee.com/varthaFull.php?newsId=202688

Credits: അനില്‍ പെണ്ണുക്കര

Leave a Reply

Your email address will not be published. Required fields are marked *