ഭാഷയ്‌ക്കൊരു ഡോളര്‍ മലയാളത്തിന് സമര്‍പ്പിക്കുന്ന അമൂല്യമായ കാണിക്ക

ഫൊക്കാന മലയാള ഭാഷയുടെ ശ്രീകോവിലില്‍ കൊളുത്തിവച്ച ഭദ്രദീപമാണ് ഭാഷയ്‌ക്കൊരു ഡോളര്‍! ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമര്‍പ്പിതമാകുന്ന ഒരമൂല്യ അര്‍ച്ചനയാണ് ഇത് .ജന്മനാട്ടില്‍ മലയാളം മൃതഭാഷയാകുമ്പോള്‍ ജീവിതം തേടി പുറപ്പെട്ട് ഏഴാം കടലിനക്കരെ അന്യമായി ഒരു സംസ്‌ക്കാരത്തില്‍ ജീവിക്കുവാന്‍ സ്വന്തം മാതൃഭാഷയെ പറ്റി ഈ അമേരിക്കന്‍ മലയാളികള്‍ ചിന്തിക്കുന്നു. സ്വന്തം അദ്ധ്വാനത്തില്‍നിന്നും ഒരു ഡോളര്‍ ഭാഷയുടെ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുകയാണ് ഇവര്‍. മാതൃഭാഷ പഠനത്തിനും ഗവേഷണത്തിനുംവേണ്ടി സാമര്‍ത്ഥ്യം വിനിയോഗിക്കുന്നവര്‍ക്ക് ഒരു പുരസ്‌ക്കാരമേകാന്‍ അമേരിക്കന്‍ മലയാളികളുടെ നീക്കിവെയ്പ്പ്. മനസ്സുള്ള കരുതിവെയ്പ്പ് – ഭാഷയ്‌ക്കൊരു ഡോളര്‍.2019 ജനുവരി 29 നു തിരുവന്തപുരത്തു ഫൊക്കാന കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്‌കാര വിതരണം നടത്തുക.

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഭാവനാത്മകവും ഭാഷാ സമര്‍പ്പിതവും മാതൃകാപരവുമായ ഒരു സ്വപ്നപദ്ധതിയാണ് ഇത്. 1992ല്‍ ജൂലൈ മാസത്തില്‍ വാഷിംഗ്ടണില്‍ നടന്ന അഞ്ചാമത് ഫൊക്കാനാ കണ്‍വന്‍ഷനില്‍ ആണ് ഭാഷയ്‌ക്കൊരു ഡോളര്‍ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.സാഹിത്യകാരനും, അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിത്വമായ ഡോ: എം.വി പിളളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനം അവിസ്മരണീയമായിരുന്നു. എം.ടി, ഓ.എന്‍.വി, കാക്കനാടന്‍ ,സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി ,പത്രപ്രവര്‍ത്തകനായ എന്‍.ആര്‍ .എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്ത പ്രോജ്വലമായ ചടങ്ങിലാണ് ഭാഷയ്‌ക്കൊരു ഡോളര്‍ എന്ന ആശയം ഡോ. എം വി പിള്ള മുന്നോട്ട് വയ്ക്കുന്നത്. ഫൊക്കാനാ പ്രസിഡന്റ് ആയിരുന്ന ഡോ. പാര്‍ത്ഥ സാരഥി പിള്ള, ജനറല്‍ സെക്രട്ടറി മാത്യു കൊക്കൂറ, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സണ്ണി വൈക്ലിഫ് എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തതോടെ ഈ അക്ഷര പുണ്യത്തിന് തുടക്കമായത്. ഓ.എന്‍.വി, എം ടി,സുഗതകുമാരി, കാക്കനാടന്‍ , വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അനുഗ്രഹത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനം ഫൊക്കാനയുടെ പ്രസ്റ്റീജ് പദ്ധതികളില്‍ ഒന്നായി മാറി.

ഫൊക്കാനാ കണ്‍വന്‍ഷനുകളില്‍ എത്തുന്ന അമേരിക്കന്‍ മലയാളികള്‍ ഒരു ഡോളര്‍വീതം ഭാഷയ്‌ക്കൊരു ഡോളര്‍ എന്ന പദ്ധതിയ്ക്കായി ഒരുക്കിവെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുന്നു. അത് സമാഹരിച്ച് മലയാള ഭാഷയില്‍ ഓരോ കാലയളവില്‍ ഉണ്ടാകുന്ന മികച്ച പി എച് ഡി പ്രബന്ധത്തിനു കേരളാ യുണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പുരസ്‌കാരം നല്‍കുന്നു . കേരളത്തിലെ ഒരു സംഘടനയും എന്തിനു സര്‍ക്കാര്‍പോലും ഇതുവരെ ആലോചിക്കാത്ത ഒരു ഭാഷാസമര്‍പ്പണമാണ് ഇത്.

നാക്കെടുത്താല്‍ അമേരിക്കന്‍ ശൈലി വിരോധവും ഇംഗ്‌ളീഷ് വഴക്കത്തേയും അപഹസിക്കുന്നു. സാംസ്‌ക്കാരിക നേതാക്കന്മാരും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ആണ്ടുതോറും ഫൊക്കാനയെപോലുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുകള്‍ വരുമ്പോഴാണ് മലയാളികളാകുന്നതും മാതൃഭാഷാസ്‌നേഹികളും പ്രചാരകരുമാകുന്നത്. തമിഴിനും അറബിയ്ക്കും ഉള്ളത്ര പ്രാധാന്യം പോലും കേരളത്തില്‍ മലയാളമണ്ണില്‍ ഇന്നു മലയാള ഭാഷയ്ക്ക് ഇല്ല. ഫൊക്കാന അമേരിക്കന്‍ മണ്ണില്‍ നിന്ന് ഭാഷയെ അറിയാന്‍ ശ്രമിക്കുന്നു. ആദരിക്കാന്‍ പ്രയത്‌നിക്കുന്നു. തികച്ചും സ്വാഗതാര്‍ഹമാണ് ഈ മനോഭാവം.

ഫൊക്കാനയുടെ മുപ്പത്തിയഞ്ചു വര്‍ഷത്തെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപിയില്‍ എഴുതിയ പദ്ധതിയാണ് ‘ഭാഷയ്‌ക്കൊരു ഡോളര്‍’ മറ്റൊരു മലയാളി സംഘടനയും ഇത്തരമൊരു ആശയവും ഭാവനയുമായി മുന്നോട്ട് ഇതുവരെ വന്നിട്ടില്ല. അതാണ് ഫൊക്കാനയെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് പറഞ്ഞു .

ഇതുവരെയും മുടക്കം കൂടാതെ ഈ പുരസ്‌ക്കാരം ഫൊക്കാന ഭാഷയ്ക്കായി നല്‍കുന്നു. മരുഭൂമിയില്‍ ഒരു മരുപച്ചതന്നെയാണ് ഭാഷയ്‌ക്കൊരു ഡോളര്‍! മാതൃഭാഷയെന്ന് വ്യവഹാരം ഇവരുള്ളപ്പോള്‍ ഫൊക്കാന- ഉള്ളപ്പോള്‍ പെട്ടെന്ന് പ്രചാരത്തിലെത്തുമെന്ന് തോന്നുന്നില്ല. മലയാളം വിറ്റു തിന്നുന്നവരെ മലയാളി ഇപ്പോഴും സ്‌നേഹിക്കുന്നു. അതൊരു മിടുക്കായി കരുതരുത്. തൂണുണ്ടെങ്കിലേ മുറം ചാരാന്‍ പറ്റൂ.

ഫൊക്കാന ഭാഷയുടെ കോവിളില്‍ ഒരു ദീപം കൊളുത്തുന്നു. ഈ തിരിനാളം ഒരു സംസ്‌കൃതിയ്ക്കും സമ്പന്നമായ ഒരു ഭാഷാസാഹിത്യത്തിനും സമര്‍പ്പിക്കുന്ന അമൂല്യമായ കാണിക്കയാണ്. നൂറു കണ്‍വന്‍ഷനുകളെക്കാള്‍ അര്‍ത്ഥപുഷ്ടിയുള്ളതാണ് ഭാഷയ്‌ക്കൊരു ഡോളര്‍! ഫൊക്കാനയ്ക്ക് ഇങ്ങനെ ചിന്തിക്കാന്‍ ആവൂ.

Leave a Reply

Your email address will not be published. Required fields are marked *