കുടുംബങ്ങൾക്കും, കുട്ടികൾക്കും, യുവജനങ്ങൾക്കും മുൻ‌തൂക്കം നൽകി ഫൊക്കാന  കൺവൻഷൻ.

മാധവൻ ബി. നായർ

അമേരിക്കൻ മലയാളികൾക്കായി  നിവർത്തിയ കുടയാണ്  ഫൊക്കാന.  1983ൽ രൂപീകൃതമായ  ഫൊക്കാനയുടെ നാൾവഴികൾ വിജയങ്ങളുടേതു മാത്രമാണ്. 2018  ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷൻ വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ ഇന്നുവരെയുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കു  പ്രസക്തിയുണ്ട്. ഇതുവരെ ഫൊക്കാന പിന്നിട്ട വഴികളിൽ  ഒരിക്കലും മായാത്ത മുദ്രകളാണ് ഈ സംഘടന   അവശേഷിപ്പിച്ചത്. ഒരു കുഞ്ഞിൻറെ വളർച്ചപോലെ. ഒരു കുഞ്ഞിനു പിടിച്ചു നില്ക്കാൻ അമ്മയുടെ കൈകൾ എന്നപോലെ അമേരിക്കൻ മലയാളികൾക്ക് പിടിച്ചു നില്ക്കാൻ തായ് വേരിനു  ബലമുള്ള  അമ്മയായി മാറി ഫൊക്കാന.  പിന്നിട്ട  വർഷങ്ങളിൽ   അമേരിക്കൻ മലയാളികളുടെ ജീവിതത്തിനുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ഇവിടെയാണ് അമേരിക്കൻ മലയാളികളുടെ ആദ്യ സംഘടനകളുടെ  സംഘടനയായ ഫൊക്കാനയുടെ പ്രസക്തി. പണത്തിനൊ, പേരിനോ, പ്രശസ്തിക്കോ  വേണ്ടി ആയിരുന്നില്ല ഫൊക്കാനയുടെ പിറവി. ജീവിതത്തിലേക്കുള്ള ഓട്ട പാച്ചിലുകൾക്കിടയിൽ ഒന്നിച്ചിരുന്നു കുശലം പറയാനും ജാതി മത ചിന്താഗതികൾ വെടിഞ്ഞു മലയാളികളായി അല്പസമയം എന്നതിനപ്പുറത്തു ഒരുപക്ഷെ ഇതിന്റെ തുടക്കത്തിൽ ആരും ചിന്തിച്ചിട്ടുണ്ടാവില്ല. കാലം മാറി, നമ്മുടെ ചിന്താഗതികൾ മാറി, പുതിയ ചിന്താഗതികൾ വന്നു. പക്ഷെ ഫൊക്കാനയ്ക്ക് മാത്രം മാറ്റമുണ്ടായിട്ടില്ല. ഈ മുപ്പതു വർഷത്തിനിടയിൽ ഈ മാതൃ സംഘടന വളർത്തിയെടുത്ത നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരുടെ എണ്ണമെടുക്കാൻ   സാധിക്കില്ല. കാരണം ഫൊക്കാന്യ്ക്ക് ശേഷം വന്ന ചെറുതും വലുതുമായ എതു സംഘടന എടുത്താലും  അതിൻറെ അമരത്ത് ഫൊക്കാനയുടെ ഒരു പ്രതിനിധി   ഉണ്ടാകും. അതിനു ഒരു സംഘടനയ്ക്ക് സാധിക്കുക എന്ന് പറയുമ്പോൾ ആ സംഘടന ആ വ്യക്തിക്കും വ്യക്തി ഉൾക്കൊള്ളുന്ന സമൂഹത്തിനും നല്കുന്ന കരുതൽ ആണ് വെളിവാക്കുന്നത്. ഇവിടെയാണ്  ഫൊക്കാനയുടെ കരുത്ത്. അവിടെ നേതാക്കളില്ല. പകരം ഫൊക്കാനയുടെ തലപ്പാവണിഞ്ഞ പ്രധിനിധികൾ മാത്രം. ഈ തലപ്പാവ് അപവാദങ്ങളില്ലാതെ അണിയാൻ നാളിതുവരെ ഇതിനെ നയിച്ചവർക്ക് കഴിഞ്ഞു എന്നത് സംഘടയുടെ വലിയ നേട്ടമായിത്തന്നെ കരുതാം. അതാണ് ഫൊക്കാനയുടെ ബലവും. ഇതൊരു മാതൃകയാണ്. ഫൊക്കാന മുൻപേ നടക്കുകയാണ്.അതിന്റെ ചുവടു പിടിച്ചാണ് മറ്റു സംഘടനകളുടെ എല്ലാം പിറവി.

ഫൊക്കാനയെ കുറിച്ച് പറയുമ്പോൾ 1983 കാലഘട്ടം മറക്കാൻ പറ്റില്ല. ആദ്യമായി ഉണ്ടായ കുഞ്ഞിൻറെ ജനനം എന്നപോലെ ഓരോ അമേരിക്കൻ മലയാളിക്കും ഫൊക്കാന ഒരു സമ്പത്താണ്. ഫൊക്കാനയുടെ ആദ്യ കൂട്ടായ്മ ഉണ്ടാകുമ്പോൾ മലയാളികളുടെ ഒത്തൊരുമ മാത്രമല്ല, മതത്തിന്റെയും ജാതിയുടെയും പേരിൽ ഉണ്ടാകുന്ന സംഘടനകളും അതുവഴി ഉണ്ടാകുന്ന അകൽച്ചയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന  ലക്ഷ്യം കൂടി ഫൊക്കാനയ്ക്ക് നേതൃത്വം നൽകിയവരുടെ മനസ്സിൽ ഉണ്ടായിരുന്നു. അതിൻറെ പ്രസക്തി ഒരു പക്ഷെ ഇന്ന് അമേരിക്കൻ മലയാളികൾ തിരിച്ചറിയുന്നുണ്ടാകണം. അത് അക്ഷരം പ്രതി തുടരുന്ന പ്രസ്ഥാനം കൂടിയാണ് ഫൊക്കാന.

ഫൊക്കാനയുടെ തുടക്കം മുതൽ ഇന്നുവരെ നടപ്പിലാക്കിയ പദ്ധതികൾ, നോർത്ത് അമേരിക്കയിലെ മലയാളി കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ കൺവൻഷനുകൾ എല്ലാം ജനശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. ഫൊക്കാനയുടെ അടുത്ത അന്തർദേശീയ കൺവൻഷൻ 2018  ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിലെ വാലി ഫോർജ് റിസോർട്ടിൽ നടക്കുകയാണ്. കുടുംബങ്ങൾക്കും, കുട്ടികൾക്കും,യുവജനങ്ങൾക്കും  മുൻ‌തൂക്കം നൽകുന്ന കൺവൻഷനാണ് നടക്കുവാൻ പോകുന്നത്. അമേരിക്കൻ മണ്ണിൽ വളർന്ന നൂറുകണക്കിന് പ്രതിഭകൾ നമുക്കുണ്ട്. വീട്ടമ്മമാർ, യുവജനങ്ങൾ, കുട്ടികൾ അങ്ങനെ കഴിവുള്ള നിരവധി ആളുകളുടെ സംഗമ കേന്ദ്രം കൂടി ആകും ഫിലഡൽഫിയ  കൺവൻഷൻ. കൺവൻഷനു മുന്നോടിയായി യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി നിരവധി മത്സരങ്ങൾ റീജിയൻ തലങ്ങളിൽ സംഘടിപ്പിക്കുകയും  നാഷണൽ കൺവൻഷൻ വേദിയിൽ അവരെ ആദരിക്കുകയും  ചെയ്യും. ഫൊക്കാന നാഷണൽ കൺവൻഷന്  അമേരിക്കൻ മലയാളികളുടെ പരിപൂർണ്ണ സഹകരണമാണ് ഫൊക്കാന  നാഷണൽ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. വിപുലമായ കൺവൻഷൻ കമ്മിറ്റി ഇതിനോടകം പ്രവർത്തങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചിട്ടയായ പ്രവർത്തനത്തിലൂടെ മികവുറ്റ കൺവൻഷൻ ആണ് ഫിലഡൽഫിയയിൽ നടക്കുക. ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളുടെയും, പ്രവർത്തകരുടെയും, അഭ്യുദയകാംഷികളുടെയും, മാധ്യമപ്രവർത്തകരുടെയും നിർലോഭമായ സഹകരണം ഫൊക്കാന കൺവൻഷൻ കമ്മിറ്റിക്ക് ഉണ്ടാകും എന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് .

ഒരിക്കൽ കൂടി ഫൊക്കാനയുടെ  പ്രവർത്തനങ്ങളിലേക്കും, കൺവൻഷനിലേക്കും എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

മാധവൻ ബി. നായർ

കൺവൻഷൻ ചെയർമാൻ